ചാത്തന്നൂര്‍: ചരിത്രപരവും പ്രകൃതി രമണീയവുമായ പ്രദേശങ്ങളെ കോര്‍ത്തിണക്കി ചാത്തന്നൂര്‍ മണ്ഡലത്തില്‍ സമഗ്രമായ ടൂറിസം സര്‍ക്യൂട്ട് നടപ്പാക്കുമെന്ന് ബി.ബി. ഗോപകുമാര്‍ എംഎല്‍എ.
നെടുങ്ങോലത്ത് പരവൂര്‍ മാംഗ്രൂവ് ഇക്കോ ടൂറിസം ഓണേഴ്സ് അസോസിയേഷന് സംഘടിപ്പിച്ച കാര്‍ഗില്‍ വിജയ ദിനത്തിന്റെയും അന്താരാഷ്ട്ര കണ്ടല്‍കാട് ദിനത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പരവൂര്‍, പോളച്ചിറ, മയ്യനാട്, ചിറക്കര തുടങ്ങിയ പ്രദേശങ്ങളുടെ ചരിത്രപരവും കാര്‍ഷികവുമായ പ്രാധാന്യം പ്രയോജനപ്പെടുത്തി ടൂറിസം പദ്ധതികള്‍ ആസൂത്രണം ചെയ്യും. ചിറക്കര വില്ലേജ് ടൂറിസം പദ്ധതിയും പരിഗണിക്കും. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെയും ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെയും കൂട്ടായ സഹകരണത്തോടെ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കും. കണ്ടല്‍ കാടുകളുടെ സ്വാഭാവിക സൗന്ദര്യത്തിനും പരിസ്ഥിതിക്കും കോട്ടം തട്ടാത്ത വിധം സുസ്ഥിരവും വരുമാനദായകവുമായ ടൂറിസം വികസനമാണ് ലക്ഷ്യമിടുന്നത്.
ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് ചിറക്കര ഉല്ലാസ് കൃഷ്ണന് അധ്യക്ഷനായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യ, പരവൂര്‍ നഗരസഭാധ്യക്ഷന്‍ ജയലാല്‍ ഉണ്ണിത്താന്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുശീലാ ദേവി, ജില്ലാ പഞ്ചായത്തംഗം ആര്. ദിലീപ് കുമാര്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കിരണ്‍, സ്വപ്ന, അസോസിയേഷന് പ്രസിഡന്റ് എസ്. ജിജിന്, സെക്രട്ടറി വി.എസ്. വിനു എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ കാര്‍ഗിലില്‍ വീര മൃത്യു വരിച്ച ജവാന്മാര്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.